Tuesday, May 5, 2020

ചെണ്ട

കേരളത്തിന്റെ തനതായ വാദ്യോപകരണങ്ങളിൽ പ്രസിദ്ധമായ ഒന്നാണ് ചെണ്ട. കൊട്ടുന്ന ഏത് വസ്തുവിനെയും ചെണ്ട എന്നു വിളിക്കുന്ന തരത്തിൽ നമ്മുടെ മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞു പോയ ഒരു വാദ്യോപകരണമാണിത്.

വിവിധ തരം മേളങ്ങൾക്കും കേളി, കഥകളി, തായമ്പക, പരിഷവാദ്യം തുടങ്ങി പല കലാപ്രകടനങ്ങളിലും ഒഴിച്ചുകൂടാനാവാത്ത വാദ്യമാണ് ചെണ്ട. ചെണ്ടയ്ക്ക് രണ്ട് ഭാഗമുണ്ട്; ഇടം തലയും വലം തലയും. ഇടം തല ഒരു തുകൽ കൊണ്ട് മൂടിയതും വലം തല ഒന്നിൽ കൂടുതൽ തുകലുകൾ ചേർത്തൊട്ടിച്ചതുമായിരിക്കും. വലം തലദേവ വാദ്യമായും ഇടം തല അസുരവാദ്യമായും കരുതുന്നു.

രണ്ടു വശവും തുകൽ പൊതിഞ്ഞ ഒരു കുറ്റിയാണ് ചെണ്ട. ചെണ്ടയുടെ കുറ്റിക്ക് പറ എന്നാണ് പറയുക. പ്ലാവ്, പേരാൽ, അരയാൽ, തെങ്ങ്, പന, കരിമ്പന, കണിക്കൊന്ന എന്നിവയുടെ തടിയാണ് പറയുണ്ടാക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത്. ചെണ്ടയുടെ രണ്ടറ്റത്തും മുളകൊണ്ടുണ്ടാക്കിയ വളയങ്ങളിൽ തുകൽ ഉറപ്പിക്കുന്നു.

ഉരുട്ടു ചെണ്ട, വീക്കൻ ചെണ്ട എന്നിങ്ങനെ ചെണ്ട രണ്ടു തരമുണ്ട്. വലം തല കൊട്ടുന്ന ചെണ്ടയാണ് വീക്കൻ. ഇടം തല കൊട്ടുന്നത് ഉരുട്ടു ചെണ്ടയും.
തായമ്പകയും മേളങ്ങളും അവതരിപ്പിക്കുമ്പോൾ ചെണ്ടയുടെ ഇടം തലയ്ക്കാണ് മുഖ്യ പങ്ക്. എന്നാൽ തായമ്പകയ്ക്കു മുമ്പുള്ള കൊട്ടി വയ്ക്കൽ എന്ന പരിപാടി, ക്ഷേത്രങ്ങളിലെ വിളക്കാചാരം, തിടമ്പുനൃത്തം എന്നിവയ്‌ക്കെല്ലാം വലം തലയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

പതിമുഖം (ചപ്പങ്ങ) എന്നു പേരുള്ള മരത്തിന്റെ തടികൊണ്ടാണ് ചെണ്ടക്കോൽ ഉണ്ടാക്കുന്നത്. പുളി, മന്ദാരം, സ്വർണമല്ലി എന്നിവയുടെ തടിയും ഉപയോഗിക്കാറുണ്ട്.

0 comments:

Post a Comment