Tuesday, May 5, 2020

മോഹിനിയാട്ടം

കേരളത്തിന്റെ മനോഹരമായ നൃത്തരൂപമാണ് മോഹിനിയാട്ടം. മോഹിനിയാട്ടം എന്ന പേര് സൂചിപ്പിക്കുന്നതു തന്നെ'സുന്ദരിയുടെ ആട്ടം' എന്നാണ്. നൃത്തത്തിന്റെ നാടൻ പദമാണ് ആട്ടം.

എ.ഡി 16-ാം ശതകത്തിലാണ് ഈ കലാരൂപം ഉണ്ടായതെന്ന് കരുതുന്നു. ആ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഴമംഗലത്തു നാരായണൻ നമ്പൂതിരിയുടെ 'വ്യവഹാരമാല' എന്ന കൃതിയിലാണ് മോഹിനിയാട്ടം എന്ന പദം ആദ്യമായി പരാമർശിച്ചീട്ടുള്ളത്.

തനി കേരളീയമായ ഈ കലാരൂപത്തിന് ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം മലയാളിത്തമുള്ളവയാണ്. കേരള വനിതകളുടെ പരമ്പരാഗത രീതിക്ക് യോജിച്ച നിലയിലാണ് മുടി കെട്ടുന്നത്. കസവുകരയുള്ള ചേലയും ബ്ലൗസുമാണ് വസ്ത്രം. ചേല മനോഹരമായി ഞൊറിഞ്ഞുടുക്കും.

നെറ്റിയിൽ ചുട്ടി, കാതുകളിൽ തോടയും കൊട കടുക്കനും, കഴുത്തിൽ നാഗപടത്താലി, പവൻ മാല തുടങ്ങിയ ആഭരണങ്ങൾ. തലയ്ക്കു പിന്നിൽ വട്ടത്തിൽ കെട്ടിവച്ച മുടി പൂക്കൾ കൊണ്ടലങ്കരിക്കും. മൂക്കുത്തിയും പിന്നെ ശിരസ്സിന് ഇരുവശവും സൂര്യൻ, ചന്ദ്രൻ എന്നീ പേരുകളുള്ള ആഭരണങ്ങളും അണിയും. കൈകാലുകളിൽ കാപ്പും ചിലങ്കയുമുണ്ടാകും.

ഇങ്ങനെ വളരെ ഭംഗിയായി അണിഞ്ഞൊരുങ്ങിയാണ് മോഹിനിയാട്ടം അവതരിപ്പിക്കുന്നത്.

0 comments:

Post a Comment